ഇ.എം. സുരജ എഴുതിയ കവിത ‘ഭൂമിയാകാന്‍ ഇനി എന്തു ചെയ്യുമെന്നാണ്’

Premium
Image
പ്രതീകാത്മക ചിത്രം Source by : samakalika Malayalam Weekly
Last Updated :18 June 2026, 4:53 pm IST
Edited by :aravind.g

ഭൂമി എത്രമേൽ ഭൂമിയായിട്ടും

അവളെ ഭൂമി എന്നു വിളിക്കാൻ

പലരും മടിച്ചു;

ഭൂമിയാണ് എന്നതിന്

എന്തെങ്കിലും തെളിവുസംഘടിപ്പിക്കാൻ

ശ്രമിക്കാഞ്ഞിട്ടല്ല:

പല കാരണങ്ങൾ കൊണ്ട്

അതു നിഷേധിക്കപ്പെട്ടു;

പല പല ഭൂമികൾക്കിടയിൽ

അതെളുപ്പവുമല്ല

എന്നവൾ മനസ്സിലാക്കി

നീ ശരിക്കും ഭൂമി തന്നെയാണെന്ന്,

നിന്നെ ഞങ്ങളല്ലാതെ

ആരാണറിഞ്ഞിട്ടുള്ളതെന്ന്,

പുല്ലുകളും ഉറുമ്പുകളും

തലോടുമ്പോൾ മാത്രം

അവൾ

ചെറുതായൊന്ന് ആശ്വസിക്കും;

ക്ഷണികവും മിഥ്യാവലയിതവുമായ

ആശ്വാസം!

വന്നുവന്നിപ്പോൾ

അവൾക്കു തന്നെത്തന്നെ

സംശയമായിത്തുടങ്ങിയിട്ടുണ്ട്,

അപ്പൊഴൊക്കെ തിരുത്തുകയും ചെയ്യും:

ഭൂമിയാകാൻ മോഹമുണ്ടെന്നേ ഉള്ളൂ,

ശരിക്കുമായിട്ടില്ലാത്തതുകൊണ്ടാണ്

ഇങ്ങനെയൊക്കെ എന്ന്!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now