​ഗില്ലും കളിക്കില്ലേ? പരിക്കേറ്റത് 2 തവണ! ഇന്ത്യ കടുത്ത ആശങ്കയിൽ

ഇന്ത്യൻ ടീമിനെ വിടാതെ പരിക്ക്

Shubman Gill
Shubman Gillx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :6 ഓഗസ്റ്റ് 2026, 11:15 pm IST

‌കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിനിടെ ഇന്ത്യ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിനു പരിക്കേറ്റു. പരിശീലനത്തിനിടെ ​ഗില്ലിനു രണ്ട് തവണ പരിക്കു പറ്റിയെന്ന വിവരമാണ് പുറത്തു വന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വെള്ളിയാഴ്ച ഇന്ത്യ സന്നാഹ മത്സരത്തിൽ ശ്രീലങ്ക ക്രിക്കറ്റ് ഇലവനെ നേരിടാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് പരിക്കേറ്റത്. ഇന്ത്യൻ ക്യാംപിൽ ഇതോടെ കടുത്ത ആശങ്കയുമുണ്ട്. നിർണായ ടെസ്റ്റിനു ഒരുങ്ങുന്ന ഇന്ത്യയുടെ തയ്യാറെടുപ്പുകൾ പ്രതിസന്ധിയിലാക്കുന്നതാണ് ​ഗില്ലിന്റെ പരിക്ക്.

നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ പേസർ ​ഗുർ​നൂർ ബ്രാറിന്റെ പന്ത് നേരിടുന്നതിനിടെ ​ഗില്ലിന്റെ വലതു കൈയിലെ തള്ളവിരലിൽ പന്ത് കൊണ്ടാണ് ആദ്യം പരിക്കേറ്റത്. 26കാരനായ ഇന്ത്യൻ നായകൻ ഉടൻ തന്നെ മെഡിക്കൽ ടീമിന്റെ സഹായം തേടി. വിരലിൽ ഫിസിയോ ബാൻഡേജ് ഇട്ടു നൽകി. ​ഗിൽ പരിശീലനം പുനരാരംഭിക്കുകയും ചെയ്തു. ക്രീസിൽ തിരിച്ചെത്തിയ നായകൻ സ്പിൻ നെറ്റ്സിലേക്ക് മാറിയാണ് വീണ്ടും പരിശീലനം തുടങ്ങിയത്.

എന്നാൽ ആശങ്കകൾ അവിടെ അവസാനിച്ചില്ല. ഉച്ച തിരിഞ്ഞ് സ്ലിപ്പ് ക്യാച്ചിങ് പരിശീലനത്തിനിടെ കൈയിലേക്ക് അതിവേ​ഗം വന്ന പന്ത് പിടിച്ചെടുക്കുന്നതിൽ ​ഗില്ലിനു പിഴച്ചു. അദ്ദേഹത്തിന്റെ വലത് കൈയിൽ തന്നെ പന്ത് വീണ്ടും വന്നിടിച്ചു. തുടർന്നു താരം ഫീൽഡിങ് പരിശീലനം നിർത്തി. ഐസ് പാക്ക് വച്ച് ആശ്വാസം വന്ന ശേഷമാണ് പരിശീലനം വീണ്ടും ആരംഭിച്ചത്.

നിലവിൽ പ്രാഥമിക പരിശോധനയിൽ എല്ലുകൾ പരിക്കോ പൊട്ടലോ ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് അതൊരു ആശ്വാസമാണ്. നിലവിൽ വ്യാഴ്ചത്തെ പരിശീലനം പൂർത്തിയാക്കാൻ ​ഗില്ലിനു സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരം വെള്ളിയാഴ്ച സന്നാഹ മത്സരത്തിനും ഇറങ്ങിയേക്കും.

പരിക്കിന്റെ ഘോഷയാത്ര

ഈ മാസം 15 മുതൽ 19 വരെ ​ഗാലെയിലും 23 മുതൽ 27 വരെ കൊളംബോയിലുമാണ് ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റ് പോരാട്ടങ്ങൾ. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണിത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കണമെങ്കിൽ ഇന്ത്യ ഇനിയുള്ള 9 ടെസ്റ്റുകളിൽ ഏഴെണ്ണമെങ്കിലും ജയിക്കണം. രണ്ട് മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യ മുന്നിൽ കാണുന്നത്.

എന്നാൽ പരിക്ക് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മേൽ കുറച്ചു മാസമായി കിരനിഴൽ വീഴ്ത്തുന്ന അവസ്ഥയാണ്. പല നിർണായക താരങ്ങളും പരിക്കിനെ തുടർന്നു പരമ്പര കളിക്കുന്നില്ല. ഇന്ത്യയുടെ സുപ്രധാന നഷ്ടം സൂപ്പർ പേസർ ജസ്പ്രിത് ബുംറയാണ്. താരം ദീർഘ നാളായി പരിക്കിനെ തുടർന്നുള്ള വിശ്രമത്തിലാണ്. ഈയടുത്ത് ബുംറ ഫിറ്റ്നസ് വീണ്ടെടുത്തതായി വാർത്തകൾ വന്നതിന്റെ ആശ്വാസത്തിലായിരുന്നു ആരാധകർ. എന്നാൽ താരം പൂർണ ഫിറ്റല്ലെന്നു കഴിഞ്ഞ ദിവസം മെഡിക്കൽ സംഘം വീണ്ടും സ്ഥിരീകരിച്ചതോടെ താരത്തിനു പരമ്പര തന്നെ നഷ്ടപ്പെട്ട അവസ്ഥയാണ്.

തീർന്നില്ല, ഓൾ റൗണ്ടർ വാഷിങ്ടൻ സുന്ദർ, പേസർ ഹർഷിത് റാണ, ആകാശ് ദീപ് എന്നിവരും പരിക്കിനെ തുടർന്നു ടീമിൽ ഇല്ല. ഇതിൽ വാഷിങ്ടൻ രണ്ടാം ടെസ്റ്റ് കളിക്കുമെന്നാണ് വിവരം. നിലവിൽ ടീമിലുള്ള സായ് സുദർശനും പരിക്കിന്റെ പിടിയിലാണ്. താരം കാൽവിരലിനേറ്റ പരിക്കിൽ നിന്നു മോചിതനാകാൻ ബം​ഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിലാണ്. വെള്ളിയാഴ്ച തുടങ്ങുന്ന സന്നാഹ മത്സരത്തിൽ സായ് കളിക്കില്ല.

സ്ഥിതി സങ്കീർണമായ നിൽക്കുന്ന ഈ ഘട്ടത്തിൽ അതിനാൽ തന്നെ ​ഗില്ലിനെ സന്നാഹ മത്സരത്തിൽ ശ്രദ്ധയോടെയായിരിക്കും മാനേജ്മെന്റ് കളിപ്പിക്കുക. ​ഗിൽ തന്നെയായിരിക്കും ടീമിന്റെ നായകൻ. എന്നാൽ നായകന്റെ ഫീൽഡിങ് സമയം കുറയ്ക്കുന്നതടക്കമുള്ള തീരുമാനങ്ങൾ പരിശീലക സംഘം എടുക്കുമെന്നാണ് വിവരം.

​സമീപ കാലത്ത് ടെസ്റ്റിൽ ഇന്ത്യക്കായി മിന്നും ഫോമിൽ കളിക്കുന്ന താരം കൂടിയാണ് ​ഗിൽ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യക്ക് വളരെ വളരെ വിലപ്പെട്ടതാണ്. അവസാനം കളിച്ച 10 ടെസ്റ്റുകളിൽ 6 സെഞ്ച്വറിയടക്കം 1109 റൺസാണ് നായകൻ അടിച്ചെടുത്തത്. ഇതിനു മുൻപ് ​ഗിൽ ശ്രീലങ്കയിൽ റെഡ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ല. അതിനാൽ പരിശീലന മത്സരത്തിൽ അദ്ദേഹം ബാറ്റ് ചെയ്യാൻ എത്തുമെന്ന് ഉറപ്പാണ്.

News Now

Summary

Shubman Gill took two blows to his right hand during India's training session in Colombo on Thursday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics