ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന കരുത്തുറ്റ ബാറ്ററി, മികച്ച പ്രോസസര്‍; വിവോ വി50 ഫെബ്രുവരിയില്‍ ഇന്ത്യയില്‍

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫോണ്‍ ആയ വിവോ വി50 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്

Vivo V50
വിവോ എസ്20Source by : എക്സ്
Last Updated :29 January 2025, 4:25 pm IST

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫോണ്‍ ആയ വിവോ വി50 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. പുതുതലമുറ വിവോ വി സീരീസില്‍ രണ്ടു മോഡലുകളാണ് ഉണ്ടാവുക. വിവോ വി50, വി50 പ്രോ എന്നിവയാണ് പുതുതായി കമ്പനി അവതരിപ്പിക്കാന്‍ പോകുന്ന ഫോണുകള്‍.

വിവോ എസ്20 മോഡല്‍ അടുത്തിടെയാണ് ചൈനയില്‍ ലോഞ്ച് ചെയ്തത്. ഇന്ത്യയില്‍ വിവോ വി50 എന്ന് റീബ്രാന്‍ഡ് ചെയ്താണ് അവതരിപ്പിക്കുക. ഫെബ്രുവരി 18 ന് വിവോ പുതിയ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് സൂചന. അതേസമയം വി50 പ്രോ ഈ വര്‍ഷം അവസാനം ലോഞ്ച് ചെയ്യാനാണ് സാധ്യത.

ഒരു മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ പദ്ധതിയിടുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍ കമ്പനി പുറത്തിറക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമായേക്കും. നീല, ചാര, റോസ്, ചുവപ്പ് എന്നിവയാണ് ആ കളര്‍ ഓപ്ഷനുകള്‍. 12 ജിബി വരെ റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണിന് സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രോസസര്‍ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ വിവോ വി40 മോഡലിന്റെ അതേ പ്രോസസ്സറാണിത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1.5k റെസല്യൂഷനുമുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത.

50 എംപി പ്രധാന കാമറയും 8 എംപി അള്‍ട്രാവൈഡ് കാമറയും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണവുമായി സ്മാര്‍ട്ട്ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 90W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 6000 എംഎഎച്ച് ബാറ്ററി ഇതില്‍ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ചൈനയില്‍, വിവോ എസ് 20 യുടെ വില 27000 രൂപയാണ്. ഇന്ത്യയില്‍, വിവോ വി 50 യുടെ വില ഏകദേശം 30,000 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now